ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യിൽ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിർമ്മലയെയും മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു .
കുവൈത്തിൽ നഴ്സായ സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് മാന്നാർ പൊലീസിൽ വിവരമറിയിക്കുകയും ചെങ്ങന്നൂർ ഡിവൈഎസ്പി രാജേഷിന്റെ നിർദേശപ്രകാരം മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ള, എസ്ഐ സിദ്ധിഖ്, ഗ്രേഡ് എസ്ഐ വിജയകുമാർ, സിപിഒ ഹരിപ്രസാദ്, ഹോം ഗാർഡ് രാജേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ നിർമല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.