തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച മോദി കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവർത്തിച്ചു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമർശിച്ചു. എല്ലാവരും ഇതിൽ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാർ കൊള്ള ചെയ്ത് കാലിയാക്കിെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും മോദി കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ പത്തുവർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രം, ഇനി സിനിമയാണ്. ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമായി. കേരള സർക്കാരിന് അഴിമതിയിലാണ് താത്പര്യം. എവിടെയെങ്കിലും ഇടതു ഭരിച്ചാൽ ഇടത്തുമൊന്നുമുണ്ടാകില്ല, വലത്തുമൊന്നുമുണ്ടാകില്ല. കേരളത്തിലെ കോളേജ് ക്യാമ്പസുകൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. ജനങ്ങളുടെ പൈസ കൊള്ള ചെയ്യാനാണ് ഇവരാഗ്രഹിക്കുന്നത്’ മോദി രൂക്ഷമായി വിമർശിച്ചു. മോദിയുടെ ഗ്യാരന്റി ആവർത്തിക്കാനും അദ്ദേഹം മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിൻറെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിൻറെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കി. അടുത്ത അഞ്ചുവർഷം വികസനത്തിന്റെ കുതിപ്പ് കാണാം. കൂടുതൽ വന്ദേഭാരത് ട്രെയിനുകളുൾപ്പെടെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.