തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്‌നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഈ മാസം 15-ാം തീയതി വൈകീട്ട് 5 മണിക്ക് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആരോഗ്യപ്രശ്‌നങ്ങൾ, ഗര്‍ഭിണികളായിട്ടുള്ളതോ, പ്രായാധിക്യം വന്നിട്ടുള്ളതോ, പരിക്കേറ്റതോ ക്ഷീണിതമായതോ ആനകളെ പൂരത്തിന് അനുവദിക്കില്ല. ആനകളുടെ 50 മീറ്റർ അകലെ മാത്രമേ ആളുകളെ നിർത്താവു. 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, പടക്കം എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തണം. ചൂട് കുറയ്ക്കാന്‍ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. എലിഫന്റ് സ്‌ക്വാഡുകളിലെ വെറ്റിനറി ഡോക്ടര്‍മാര്‍ ആവശ്യാനുസരണം മരുന്നുകളും മയക്കുവെടി വെക്കുന്നതിനുള്ള ഉപകരണങ്ങളും കരുതേണ്ടതാണ്.
ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. അതേസമയം, കാഴ്ചയ്ക്ക് പ്രശ്നമുള്ളതിനാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നത് 17ന് തീരുമാനിക്കും.