ദില്ലി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ് പി കെനി അറിയിച്ചു. മുറി എടുക്കുന്നതിന് നവീന്‍റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്നാണ് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞതെന്നും അരുണാചൽ പ്രദേശ് പൊലീസ് പറയുന്നത്. മാര്‍ച്ച് 28 ന് എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവീന്‍ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. എന്തിന് സിറോ താഴ്വരയിലെത്തിയതെന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.