നെന്മാറ : നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയതായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു. ഒരിക്കൽ നിരസിച്ച അപേക്ഷ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുനഃപരിശോധന നടത്തിയാണു അനുമതി നൽകിയത്. അപേക്ഷ നിരസിക്കാനുണ്ടായ പോരായ്മകൾ പരിഹരിച്ചതായി കണ്ടതോടെ ക്രമസമാധാനത്തിന് നിയോഗിച്ചിട്ടുള്ള പൊലീസ് അധികാരികളുടെയും പെസോ അധികൃതരുടെയും സാന്നിധ്യത്തിലാണു വെടിക്കെട്ട് നടത്തേണ്ടത്.
നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളും പാലിക്കണമെന്നാണ് ഉത്തരവ്. ജില്ലാ പൊലീസ് സൂപ്രണ്ട്, ആലത്തൂർ ഡിവൈഎസ്പി തുടങ്ങിയവർ വെടിക്കെട്ട് നടത്തുന്ന ഇരു ദേശങ്ങളുടെയും സ്ഥലങ്ങൾ പരിശോധിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ചു. ഇതിന്റെ ഭാഗമായി വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റും പൊതുജനങ്ങൾ പ്രവേശിക്കാത്ത രീതിയിൽ ബാരിക്കേഡുകൾ നിർമിച്ചു.