പെരുമ്പാവൂർ: പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ . ഒരു കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തരഘോഷപ്പാറ വാഷ് അലി (34), സ്ക്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്ന തണ്ടേക്കാട് കൂറ്റായി വീട്ടിൽ ഷാജി (കൂറ്റായി ഷാജി 49) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ മാവിൻ ചുവട് ഭാഗത്ത് നിന്നാണ് കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിലും, മലയാളികളായ യുവാക്കൾക്കിടയിലും 1000, 500 രൂപയുടെ പൊതികളാക്കിയാണ് വിൽപ്പന.
ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പോലീസ് നിരിക്ഷണത്തിലായിരുന്നു വാഷ് അലി.കഞ്ചാവ് വിറ്റ 27000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. മദ്യവിൽപനക്കിടയിൽ പോഞ്ഞാശേരി ചുണ്ടമലപ്പുറം ഭാഗത്ത് നിന്നുമാണ് ഷാജിയെ പിടികൂടിയത്. മൊബൈൽ ഫോൺ വഴി ഓർഡറെടുത്ത് ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാൾ. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു കൂടുതലും വിൽപ്പന. ഷാജി പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ വി. വിദ്യ, ജോഷി തോമസ്, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ ടി.എ അഫ്സൽ, ടി.എൻ മനോജ് കുമാർ , ബെന്നി ഐസക്ക്, കെ.എ അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.