പെരുമ്പാവൂർ: ഫോൺ വിളിച്ചാൽ ബൈക്കിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ഹണി അലി എന്ന് വിളിപേരിൽ അറിയപ്പെടുന്ന അലി ഹൈദ്രോസ് വളയഞ്ചിറങ്ങര കാരിക്കോട് വച്ച് കുന്നത്തുനാട് എക്‌സൈസിന്റെ പിടിയിലായി. ഇയാൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി. പ്രതിയുടെ സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
കൂടുതലും ഹണീബി ബ്രാണ്ടി ഇനത്തിൽപ്പെടുന്ന മദ്യം വിൽക്കുന്നത് കൊണ്ടാണ് ഹണി അലി എന്ന് വിളിപ്പേര് ഉണ്ടായത്. പലവട്ടം എക്സൈസ് പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ലയിരുന്നു. പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെടാതിരിക്കുന്നതിന് വേണ്ടി ഇയാൾ തന്റെ ബൈക്കിന്റെ മുൻവശത്തെ നമ്പർപ്ലേറ്റും മാറ്റി അധികം ശ്രദ്ധ വരാത്ത തരത്തിലുള്ള ഒരു നമ്പർ പ്ലേറ്റ് ആണ് ഒട്ടിച്ചിട്ടുള്ളത്. ദിവസവും നാല് ജോലിക്കാരെ പറഞ്ഞുവിട്ടാണ് ബീവറേജസിൽ നിന്നും മദ്യം വാങ്ങിക്കൊണ്ട് കച്ചവടം നടത്തി വന്നത്. ദുഃഖവെള്ളി ഡ്രൈ ഡേ ആയതിനാൽ അര ലിറ്റർ മദ്യത്തിന് 1000/- രൂപ വരെ വിൽക്കാൻ സാധിക്കും എന്നുള്ളതിനാലാണ് ഇത്രയും അധികം മദ്യം വാങ്ങി സൂക്ഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.
പ്രിവന്റീവ് ഓഫീസർ സി ബി രഞ്ചുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, അമൽ മോഹനൻ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു.