ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറസ്റ്റിൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കേജ്രിവാളിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നു രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്ന എഎപിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നാണ ്റിപ്പോർട്ട്. കേജ്രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു.
അറസ്റ്റിനെ തുടർന്ന് കേജ്രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്രിവാള്. കേജ്രിവാള് ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു.