തിരുവനന്തപുരം: മനസ് മടുത്താണ് കോൺഗ്രസ് വിടുന്നതെന്ന് ബിജെപിയില്‍ ചേര്‍ന്ന പത്മിനി തോമസ്. കുറച്ചുനാളായി ആലോചനയിലായിരുന്നു. ദേശീയ കായിക വേദിയെ നശിപ്പിക്കാൻ ഒരാൾ ശ്രമിച്ചു. പല കെപിസിസി അധ്യക്ഷന്മാരോടും പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും അത് പരിഗണിച്ചില്ല. സ്ഥാനമാനങ്ങൾ നോക്കിയല്ല ബിജെപിയിലെത്തിയത്. മോദിയുടെ പ്രവർത്തനങ്ങൾ നോക്കിയാണ് ബിജെപിയിലെത്തിയതെന്നും പത്മിനി തോമസ് പ്രതികരിച്ചു.
പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ബിജെപിയിലേക്ക് ചേര്‍ന്നത്. ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയൻ, കേരള സ്പോര്‍ട്‌സ് കൗൺസിൽ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെൽവൻ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയിൽ ചേരാനെത്തിയവരെ സ്വീകരിച്ചത്.