കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ ആധുനീക മാർക്കറ്റിന് സമീപത്തായി പച്ചക്കറി വിപണനത്തിനായി കെട്ടിടം ഒരുങ്ങുന്നു. പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തി 4 മീറ്റർ വീതിയും 7.2 മീറ്റർ നീളവും വീതമുള്ള 5 മുറി കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, അമ്പിളി ശ്രീകുമാർ, അംഗങ്ങളായ, ശാന്ത ബിനു, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ്, സിജു കല്ലുങ്ങ, കെ.ടി. എൽദോസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ജോയ് പോൾ എന്നിവർ പ്രസംഗിച്ചു.
കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കാലടി മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനമാരംഭിക്കുന്നതിന് സജ്ജമാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. മത്സ്യ, മാംസാദികൾ വിൽപന നടത്തുന്നതിന് നിലവിലുള്ള കെട്ടിടവും സജ്ജമാക്കി ലേലം ചെയ്തു നൽകും. ഇതോടെ മുഴുവൻ നിത്യോപയോഗ സാധനങ്ങളും മാർക്കറ്റിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു.