പെരുമ്പാവൂർ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുന്നത്തുനാട് എക്‌സൈസ് നടത്തിയ പരിശോധനയിൽ അതിഥിതൊഴിലാളികൾക്കിടയിൽ ‘ചോട്ടാഭായി’ എന്നറിയപ്പെടുന്ന ആസ്സാം സ്വദേശി ഇത്താഹിജുൽ ഹഖിനെ (20) കഞ്ചാവും ഹെറോയിനുമായി പിടികൂടി. ഇയാൾ വില്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന ആറര കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രയിൽ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ആണ് പ്രതിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്.
ഒരുവർഷമായി ജോലി തേടി പെരുമ്പാവൂരിൽ എത്തിയ പ്രതി ജോലി അന്വേഷിച്ചെങ്കിലും സ്ഥിരമായി ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് മയക്കുമരുന്ന് വില്പന ആരംഭിച്ചു. ആസ്സാമിൽ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് എത്തിച്ചു അതിഥിതൊഴിലാളികൾക്കിടയിൽ 8ഗ്രാം കഞ്ചാവിന്റെ പാക്കറ്റ് ഒന്നിനും ഹെറോയിൻ ഡെപ്പി ഒന്നിനും 500 രൂപക്ക് വില്പന നടത്തിവരികയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള അഥിതി തൊഴിലാളികൾക്കിടയിൽ ഇയാൾ ‘ചോട്ടാ ഭായ്’ എന്നാണ് അറിയപ്പെടുന്നത്. അടുത്ത് പരിചയമുള്ള നാട്ടുകാരായ ഉപഭോക്താക്കൾക്ക് കടമായും ഇയാൾ മയക്കുമരുന്ന് നൽകിയിരുന്നു. വിവരങ്ങൾ ചോരാതിരിക്കാനും എക്സൈസ്, പോലീസ് ടീമിന്റെ വാഹനം കടന്നുപോകുമ്പോൾ വിവരങ്ങൾ നൽകുന്നതിനും വേണ്ടിയാണു ഇയാൾ ഇങ്ങനെ ചെയ്തിരുന്നത്.
ഇയാൾ ഇടക്ക് ആസ്സാമിൽ പോകുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് എക്സൈസ് ടീം രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതി പിടിയിലാക്കുന്നത്. പകൽ മുഴുവൻ ഇയാൾ മയക്കുമരുന്ന് വില്പനക്കായി പുറത്തു പോകും അർദ്ധരാത്രിയാണ് ഇയാൾ മുറിയിൽ വരുന്നതും വില്പനക്കുള്ള കഞ്ചാവ്, പൊതികളിൽ ആക്കുന്നതും. ഇയാൾ താമസിക്കുന്ന മുറി കൂടാതെ ഇയാളുടെ സുഹൃത്തിനു വേണ്ടി എന്ന വ്യാജന മറ്റൊരു മുറി കൂടി എടുത്തിട്ടാണ് ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. സമീപത്തുള്ള മുറികളിലെ താമസക്കാർ ഉറങ്ങിയതിനുശേഷമാണ് ഇയാൾ ഈ മുറിയിൽ വന്നു കാര്യങ്ങൾ ചെയ്യുന്നത്.
അടുത്ത മുറികളിൽ താമസിക്കുന്ന ആളുകൾക്ക് യാതൊരുവിധ സംശയവും നൽകാതെയാണ് ഇയാൾ പെരുമാറിയിരുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എസ് ബിനു പറഞ്ഞു.