അങ്കമാലി : അങ്കമാലി നിയോജകമണ്ഡലത്തിന്‍റെ മലയോര മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, പൊതുപ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നു. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ വനം വകുപ്പിന്‍റെ പട്രോളിംങ് കൂടുതല്‍ ശക്തിപ്പെടുത്തുവാനും ജനജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇതോടൊപ്പം വനമേഖലയിലുള്ള റോഡുകളുടെ ഇരുവശത്തും പഞ്ചായത്തുമായി സഹകരിച്ച് തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടുത്തി അടിക്കാട് വെട്ടി നീക്കം ചെയ്യുവാനും,
ക്യഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് പഞ്ചായത്ത് ഭരണസമിതി ഉടന്‍ തീരുമാനമെടുത്ത് നടപ്പിലാക്കണമെന്നും, അതിനായി ലൈസന്‍സുള്ള ആളുകളെ കണ്ടെത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മലയാറ്റൂര്‍, വാഴച്ചാല്‍. ചാലക്കുടി ഡിവിഷനുകളില്‍ വനം മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഫെന്‍സിംങ് നിര്‍മ്മിക്കുവാനായി നബാര്‍ഡിന്‍റേയും ആര്‍.കെ.വി.വൈയുടേയും പ്രത്യേക പദ്ധതിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള തുക എത്രയും വേഗം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മണം ആരംഭിക്കണമെന്ന് എം.എല്‍.എ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട സ്ഥലങ്ങളിലില്‍ എത്തിച്ചേരുന്നതിനാവശ്യമായ വാഹനസൗകര്യം ഇല്ലായെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ കാലടി റെയ്ഞ്ച് ഓഫീസിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു വാഹനം വാങ്ങുന്നതിനായി തുക അനുവദിക്കുവാന്‍ കത്ത് നല്‍കിയിട്ടും ഫിനാന്‍സ് വകുപ്പിന്‍ നിന്നും അതിന് അനുമതി ലഭ്യമായിട്ടില്ല എന്നും, അനുമതി ലഭ്യമായാല്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കാലടി റെയ്ഞ്ച് ഓഫീസിലേക്ക് പുതിയ വാഹനം ലഭ്യമാക്കുമെന്നും എം,എല്‍.എ അറിയിച്ചു. അതുവരെ താല്‍ക്കാലിക വാഹന സൗകര്യം റെയ്ഞ്ച് ഓഫീസുമായി ബന്ധപ്പെട്ടു കൊണ്ട് ഏര്‍പ്പെടുത്തുവാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. തീര്‍ത്ഥാടന കാലമായതിനാല്‍ വിശ്വാസികള്‍ രാത്രിയും പകലും മലയാറ്റൂര്‍ മലകയറുമ്പോള്‍ വന്യജീവി ശ്വലം ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
റോജി എം. ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വില്‍സന്‍ കോയിക്കര, ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് മുല്ലശ്ശേരി, വൈസ് പ്രസിഡന്‍റ് ലൈജി ബിജു, പഞ്ചായത്തംഗങ്ങളായ സെബി കിടങ്ങേന്‍, ജോയ് അവോക്കാരന്‍, ബിന്‍സി ജോയി, കെ.എസ്. തമ്പാന്‍, പി.ജെ. ബിജു, ജോയ്സന്‍ ഞാളിയന്‍, വി.ജി.റെജി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (മലയാറ്റൂര്‍ ഡിവിഷന്‍) കെ. ശ്രീനിവാസന്‍ (ഐ.എഫ്.എസ്), അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍.ഡെല്‍റ്റോ എല്‍ മറോക്കി, ബി. അജിത്കുമാര്‍ റെയ്ഞ്ച് ഓഫീസര്‍(കാലടി), കെ.വി.മനോജ് കുമാര്‍ റെയ്ഞ്ച് ഓഫീസര്‍ (മലയാറ്റൂര്‍- കുരിശുമുടി), ബിജു കണിയാംകുടി, ടി.ഡി. സ്റ്റീഫന്‍, ജോസഫ് ചിറയത്ത്, കെ.ജെ.ബോബന്‍, അലക്സ് കുരിയന്‍ കണ്ണമ്പുഴ, ജോളി മാടശ്ശേരി, എം.ബി.സുനില്‍ ബിജു മുണ്ടയ്ക്കല്‍, പി.എ. സെബാസ്റ്റ്യന്‍, ജോസ് പുല്ലന്‍, സി.പി. ദവസ്സി, റോയ് ടി.എം, പി.പി.മനോജ്, പ്രവീണ്‍ വാരിയത്ത് എന്നിവര്‍ പങ്കെടുത്തു.
ഇതോടൊപ്പം പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട പ്രദേശത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വിപുലമായ യോഗം പ്രത്യേകമായി ചേരുമെന്നും റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.