കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 പാർട്ടി മത്സരിക്കും. കിഴക്കമ്പലത്തു നടന്ന മഹാസംഗമത്തിലാണ് പാർട്ടി അധ്യക്ഷനും കിറ്റെക്സ് ഗ്രൂപ്പ് സാരഥിയുമായ സാബു എം. ജേക്കബ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡിയുമാണ് സ്ഥാനാർഥികൾ. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ നമ്മൾ തെരഞ്ഞെടുത്തു വിട്ട എംപിമാർ ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കുക, ഉദ്ഘാടന പരിപാടികൾ നടത്തുക എന്നിവയ്ക്ക് അപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്‍റി20 പാർട്ടി സ്ഥാനാർഥികളെ ജയിപ്പിച്ചാൽ ഒരു എംപി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എംപിക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും രാജ്യത്തിനു തന്നെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സാബു ഉറപ്പുനൽകി.
ട്വന്‍റി20 വിജയിച്ചാൽ കൊച്ചി നഗരത്തെ മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രൊ നഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തു നിന്നു കൊണ്ട് പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 – 24), ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി (2020 – 22), 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു. 2023-ൽ പോർട്ടുഗലിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു ഈ 28കാരന്‍.
ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥി അഡ്വ. ചാർളി പോൾ മലയാറ്റൂർ-നീലീശ്വരം സ്വദേശിയാണ്. ഹൈക്കോടതി അഭിഭാഷകനാണ്. കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984) മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021) എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി (2004, 2006) പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷത്തിനുള്ളിൽ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തിലേറെ പുസ്തകങ്ങൾ രചിച്ചു.
.