കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച് 4ന് നടക്കും. രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമായി ആദ്യ മൂന്ന് വർഷം എ ഗ്രൂപ്പിലെ ഗ്രേസി ദയാനന്ദനും ഒരു വർഷം ഐ ഗ്രൂപ്പിലെ പ്രിയ രഘുവിനും അവസാന വർഷം സിമി ടിജോക്കും എന്നതായിരുന്നു ധാരണ.ഈ ധാരണ പ്രകാരമാണ് ഗ്രേസി രാജി വച്ചത്.
കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ 15 അംഗ ഭരണസമിതിയിൽ യുഡിഎഫ് 7, എൽഡിഎഫ് 6, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. വ്യക്തമായ ഭൂരിപക്ഷം പ്രധാന മുന്നണികൾക്ക് ഇല്ലാതിരിക്കെ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.സ്വതന്ത്രരായി വിജയിച്ചത് വിജി ബിജുവും,സരിതാ ബാബുവുമാണ്. ഇരുവരും കോൺഗ്രസ് റിബലായിട്ടാണ് വിജയിച്ചതെങ്കിലും പിന്നീട് പിന്തുണ യുഡിഎഫിന് നൽകുകയായിരുന്നു. ഇരുവരും സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺമാരായിരുന്നു. കഴിഞ്ഞ ദിവസം ഈ സ്ഥാനങ്ങൾ ഇരുവരും രാജിവക്കുകയും ചെയ്തിരുന്നു.