അങ്കമാലി: അങ്കമാലി അർബൻ സർവീസ് സഹകരണ സംഘത്തിൽ നടന്നത് 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്. ജില്ല സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ആവശ്യമായ രേഖകൾ ഇല്ലാതെയും, സംഘത്തിലെ മെമ്പർമാർ അല്ലാത്തവർക്കും, അർഹതയില്ലാത്തവർക്കും സംഘത്തിൽ നിന്നും ലോണുകൾ അനുവദിച്ചിട്ടുണ്ടെന്നും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രജിസ്ട്രാർ റൂറൽ ജല്ലാപോലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു. 20 പേർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പി.ടി. പോൾ, പി.വി പൗലോസ്, കെ.ജി രാജപ്പൻ, രശ്മി, ടി.വി ബെന്നി, പി.സി ടോമി, ടി.പി ജോർജ്, വി.ഡി ടോമി, എം.വി സെബാസ്റ്റ്യൻ, മാർട്ടിൻ ജോസഫ്, വൈശാഖ് എസ് ദർശൻ, മേരി ആന്റണി, എൽസി വർഗീസ്, ലക്‌സി ജോയ്, വി.ജെ ലൈബി, കെ ബിജു ജോസ്, കെ.ഐ ഷൈജു, അനില എ പിള്ള, വി.പി ജിപ്‌സി, കെ.ബി ഷീല എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ഭരണസമിതിയും ജീവനക്കാരും ചേർന്നുള്ള സംഘടിത തട്ടിപ്പാണ് സംഘത്തിൽ നടന്നിരിക്കുന്നതും. കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്ന ജില്ല സഹകരണ വകുപ്പ് നാല്പത്തിയഞ്ച് ദിവസത്തിനകം താത്കാലിക പ്രശ്‌നപരിഹാരമുൺാകുമെന്നാണ് കരുതുന്നത്. 2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം പ്രവർത്തനം തുടങ്ങുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി ടി പോളിന്റെ വിശ്വാസ്യതയിൽ ബാങ്കിലേക്ക് നിക്ഷേപമെത്തുകയായിരുന്നു. തുടർന്ന് അർഹതരായവർക്കും വേപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി. പി ടി പോളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെയാണ് ഭരണസമിതി വർഷങ്ങൾ തുടരുന്നത്. എന്നാൽ പോളിന്റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വരുന്നത്.
വ്യാജരേഖയുണ്ടാക്കി വീണ്ടും വായ്പയെടുത്ത തുക കൊണ്ടാണ് ഭരണസമിതി അംഗങ്ങളും ഇവരുമായി ബന്ധപ്പെട്ടവരും എടുത്ത വായ്പ, തിരിച്ചടച്ചതും പുതുക്കി വെച്ചതുമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണസമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ, വ്യാജ രേഖ ഉൺാക്കുന്നതിനായി ഉപയോഗിച്ചു. ശരിയായ വായ്പയാണോ അതോ വ്യാജരേഖ വഴിയുള്ള വായ്പയാണോ എന്നറിയുന്നതിനാണ് ബാങ്ക് രേഖകളിൽ ഉള്ളവർക്ക് നോട്ടീസ് അയക്കുന്നതെന്നാണ് എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ വിശദീകരിക്കുന്നത്. ബാങ്ക് രേഖകളുടെ പരിശോധന തുടരുകയാണെന്നും ഇത്തരം നോട്ടീസ് കിട്ടുന്നവർ ആശങ്കപ്പെടേതില്ലെന്നും ജില്ല സഹകരണ വകുപ്പും വ്യക്തമാക്കുന്നു. വ്യജരേഖയുണ്ടൺാക്കി തട്ടിപ്പ് നടത്തിയ ഡയറക്ടർമാരുടെ സ്വത്തുക്കൾ കൺണ്ട് കെട്ടി പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന ആവശ്യവും ശക്ത്തമായിട്ടുണ്ട്.
യഥാർത്ഥ വായ്പ തിരിച്ചടവ് മുടങ്ങിയവരിൽ നിന്ന് പണം തിരിച്ചടപ്പിക്കാൻ നടപടികൾ തുടങ്ങി. ഈ രീതിയിൽ പരമാവധി ഒന്നരമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരത്തിനാണ് സഹകരണ വകുപ്പിന്റെ ശ്രമം. വ്യാജരേഖ ഉണ്ടാക്കി നടത്തിയ തട്ടിപ്പിൽ ഭരണസമിതി അംഗങ്ങൾക്കും ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് ജില്ല സഹകരണ വകുപ്പ് ഇവർക്കെതിരെ ആലുവ റൂറൽ പൊലീസിന് പരാതി നൽകിയത്.
സംഘം പ്രസിഡണ്ടായിരുന്ന പി ടി പോളിനെ രണ്ട് മാസം മുമ്പ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.