കാലടി :പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് 24 ന് കാലടി ശ്രീശാരദ വിദ്യാലയത്തിൽ തിരിതെളിയും. രാവിലെ 10.30 ന് സിനിമാ നടി നവ്യ നായർ ഉദ്ഘാടനം ചെയ്യും. പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന യുവജനോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് വേദിയിൽ 15 ദീപം തെളിക്കും. സിബിഎസ്ഇ സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അധ്യക്ഷത വഹിക്കും. സിബിഎസ്ഇ സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ പി. എസ്. രാമചന്ദ്രൻ പിള്ള എം.എൽ.എ.മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, സിയാൽ എം.ഡി. എസ്.സുഹാസ്, യുവജനോത്സവം ജനറൽ കൺവീനർ ഡോ. ദീപ ചന്ദ്രൻ,കോൺഫഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് ഭാരവാഹികളായ ഫാ.സിജൻ പോൾ ഊന്നിക്കൽ , ജോജി പോൾ , ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ,കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി തുടങ്ങിയവർ സംസാരിക്കും.
യുവജനോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രി പി.രാജീവ്, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് എന്നിവർ മുഖ്യ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. 26 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് റജീഷ വിജയൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി. അധ്യക്ഷത വഹിക്കും.
യുവജനോത്സവത്തിന് മുന്നോടിയായി 22 ന് കാലടി നഗരത്തിൽ വിളംബര ജാഥ ഉണ്ടായിരിക്കും. പൂർണ്ണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും മൂന്ന് ദിവസത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. 25 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര ബി.എഡ്.ട്രയിനിംഗ് കോളേജ്,ശ്രീശങ്കര കോളേജ്,ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയും മത്സര വേദികളായിരിക്കും. പതിനായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മുഖ്യ രക്ഷാധികാരി കെ. ആനന്ദും യുവജനോത്സവം ജനറൽ കൺവീനർ ഡോ.ദീപ ചന്ദ്രനും അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
മറ്റൂരിൽ നിന്ന് കലോത്സവ നഗരിയിലേക്ക് വരുന്ന വാഹനങ്ങൾ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യുന്നത്. വി.ഐ.പി വാഹനങ്ങൾ സ്ക്കൂളിനോട് ചേർന്നുള്ള ബി-വോക്ക് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ മരോട്ടിച്ചോട് വഴി വേണം എം.സി.റോഡിൽ പ്രവേശിച്ച് കാലടി, അങ്കമാലി പ്രദേശങ്ങളിലേക്ക് പോകാൻ.
യുവജനോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്കും അതിഥികൾക്കും ഭക്ഷണം ഒരുക്കുന്നത് പഴയിടം നമ്പൂതിരിയാണ്. മൂന്ന് ദിവസങ്ങളിലായി എഴുപത്തയ്യായിരത്തിലധികം ആളുകൾ ഭക്ഷണപ്പുരയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന സ്ക്കൂൾ യുവജനോത്സവങ്ങൾക്ക് ഇനി ഭക്ഷണം ഒരുക്കില്ലെന്ന് നേരത്തെ പഴയിടം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ യുവജനോത്സവത്തിന് ഭക്ഷണം ഒരുക്കിക്കൊണ്ട് പഴയിടം വീണ്ടും സംസ്ഥാന യുവജനോത്സവത്തിന്റെ അടുക്കളയിലേക്ക് തിരിച്ചെത്തുകയാണ്. മൂന്ന് ദിവസവും പായസം അടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയാണ് പഴയിടം ഒരുക്കുന്നത്.