മൂവാറ്റുപുഴ: ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ നടക്കും. കൃത്യം നടത്തിയ ശേഷം പുലർച്ചെ തന്നെ ഒഡീഷയിലേക്ക് ട്രയിൻ മാർഗം കടക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ എസ്.പി ഒഡിഷാ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി.
ഇതിനിടയിൽ ഗോപാൽ മാലിക് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയിരുന്നു. ലഭ്യമായ വിവരങ്ങൾ തത്സമയം ഒഡീഷാ പോലീസിനെ അറിയിച്ചും കൊണ്ടിരുന്നു. ഒഡീഷയിലെ റായ് ഗുഡ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതിയെ പോലീസ് തടഞ്ഞുവയ്ക്കുകയും മുനിഗുഡ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ അവിടെയെത്തിയ പ്രത്യേക അന്വേഷണ സംഘം ഗോപാൽ മാലിക്കിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ബിസാം കട്ടക്ക് കോടതിയിൽ ഹാജരാക്കി നാട്ടിലേക്ക് തിരിച്ചു. ബലി ഗുഢയിലെ സൗട്ടിക്കയാണ് ഗോപാൽ മാലിക്കിന്റെ ഗ്രാമം .അച്ചൻ മരണപ്പെട്ടു. അമ്മയും നാല് സഹോദരങ്ങളുമാണ് ഇയാൾക്കുള്ളത്. അവിടെയെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളോടും ഗ്രാമമുഖ്യനോടും കാര്യങ്ങൾ പറയുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഒഡിഷയിലെ അന്വേഷണസംഘത്തിൽ എസ്ഐ വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ എം ഇബ്രാഹിംകുട്ടി,ബിബിൽ മോഹൻ, സിവിൽ പോലീസ് ഓഫീസർ എച്ച്.ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.