ആലുവ: ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ അതിവേഗ വിചാരണ പൂർത്തിയായി. എറണാകുളം പോക്സോ കോടതി ശനിയാഴ്ച വിധി പ്രഖ്യാപിക്കും. 15 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി. കുറ്റകൃത്യം നടന്ന് നൂറാം ദിനത്തിലാണ് വിധി പറയുന്നത്. കേസിൽ ആകെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു.
ആലുവയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്. കാണാതായ കുട്ടിയെ ആലുവ മാർക്കറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതി ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴുത്ത് മുറുക്കിയാണ് കൊലപാതകം. കുട്ടിയുടെ ശരീരത്തില്‍ 52 ആഴമേറിയ മുറിവുകളുണ്ടായിട്ടുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ധരിച്ചിരുന്ന വസ്ത്രം കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി, കൃത്യത്തിന് മുന്‍പ് കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി ഉപയോഗിച്ച പ്രതി സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു, മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. പിന്നീട് മാര്‍ക്കറ്റിന് പുറത്ത് പോയി. 2018 ല്‍ ദില്ലിയില്‍ പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ അസ്ഫാക് അവിടെ നിന്ന് മുങ്ങുകയായിരുന്നു.