കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലൂടെ കടന്നുപോകുന്ന വേങ്ങൂർ കുറ്റിലക്കര റോഡിന് ശാപമോക്ഷമാകുന്നു. അറ്റകുറ്റപണികൾ നടത്തിയാലും പെട്ടെന്ന് തന്നെ തകർച്ചയിലാകുന്ന റോഡിന്റെ തകർച്ചയിലാകുന്ന ഭാഗം മുഴുവൻ ടൈൽ വിരിച്ച് ബാക്കി ഭാഗം മാത്രം ടാർ ചെയ്യാനുമായി 58,50,000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഏറ്റെടുത്തീട്ടുള്ളതെന്ന്പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അബിക ബാലകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്ത ചാക്കോ എന്നിവർ പറഞ്ഞു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് വേങ്ങൂരിൽ റോഡിന്റെ ആരംഭ ഭാഗത്ത് റോജി എം ജോൺ എം.എൽ.എ നിർവ്വഹിക്കും.
മുൻ ഭരണ സമിതിയുടെ കാലത്ത് 2016 – 17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 853631 രൂപ ചിലവു ചെയ്താണ് ഈ റോഡ് അവസാനമായി റീ ടാർ ചെയ്തത്. രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഈ റോഡ് ശോച്യാവസ്ഥയിലായി. ഈ ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഈ റോഡ് ശോച്യാവസ്ഥയിലായിരുന്നു. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന ലക്ഷ്യവുമായി 2021- 22 വാർഷത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചക്ക് 2500000 രൂപയും ഗ്രാമ പഞ്ചായത്തിന്റെ 571672 രൂപയും ഉൾപ്പെടുത്തി റോഡിന്റെ ഒരു ഭാഗത്തു നിന്നും ടൈൽസ് വിരിക്കുന്ന ജോലി ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ ഫണ്ട് ലഭിക്കാതിരുന്നതിനാൽ തുടർന്നുള്ള പ്രവർത്തികൾ ഏറ്റെടുക്കാനായില്ല. ഈ സാമ്പത്തിക വർഷത്തിൽ ഈ റോഡിന് മുൻഗണന കൊടുക്കണമെന്ന റോജി എം ജോൺ എം.എൽ.എയുടെയും മറ്റും നിർദ്ദേശത്തെ തുടർന്ന് റോഡിന് ആവശ്യമായ തുക വകയിരുത്തുകയായിരുന്നു.
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും, സാങ്കേതിക തടസ്സങ്ങൾ എല്ലാം പരിഹരിക്കുന്നതിനുമാണ് കാലതാമസം നേരിട്ടത്. പുതിയ സോഫ്റ്റ് വെയറിൽ ഓരോ പ്രവർത്തനങ്ങളും രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കാനായത്. വസ്തുതകൾ ഇതായിരിക്കെ രാഷ്ട്രീയ മുതലെടുപ്പുമായി ചിലർ രംഗത്തെത്തിയത് അവരുടെ രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നു. സംസ്ഥാനത്തെ എല്ലാ മേഖലകളും നിശ്ചലമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാവനകളുമായി ഇക്കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 30 മാസമായി ഈ ഭരണ സമിതി ഈ റോഡിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് ഇവർ പറയുന്നത്. മുൻ ഭരണ സമിതിയുടെ കാലത്തു തന്നെ ഈ റോഡ് തകർന്നിരുന്നുവെന്ന് എല്ലാവർക്കുമറിയാം. ലഭ്യമായ വിഭവങ്ങൾ വച്ച് ഇച്ഛാശക്തിയോടെ പദ്ധതികൾ ഏറ്റെടുത്തു കാര്യക്ഷമമായി നടപ്പിലാക്കാൻ ഈ ഭരണ സമിതിക്ക് കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. 30 മാസങ്ങളായി ഇവിടെ ഒന്നും ചെയ്തില്ല എന്നു പറയുന്നവർ 2021. 22 വർഷത്തിൽ ചിലവഴിച്ച 31 ലക്ഷത്തിൽ പരം രൂപയുടെ കണക്കുകൾ മറച്ചു വക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.