നെടുമ്പാശേരി : സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ കുറുമശേരിയിലെ ഹരിത കർമ സേനാംഗങ്ങൾ. മാലിന്യത്തിൽ നിന്ന് ലഭിച്ച ഒരു പവൻ തൂക്കം വരുന്ന സ്വർണമാല അധികൃതരെ ഏൽപിച്ചാണ് മൂവർ സംഘം മാതൃകയായത്.പാറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ മാളിയേക്കൽ നിഷ ലൈജു, ചക്കമശേരി അമുതവല്ലി, കല്ലാട്ട് വലിയപറമ്പിൽ അംബിക എന്നിവരാണ് സത്യസന്ധതയുടെ നിറകുടമായി മാറിയത്.
പാറക്കടവ് പഞ്ചായത്തിലെ 7, 8, 9 വാർഡുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ സേനയിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ദിവസം കുറുമശേരിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറുകൾക്കിടയിൽ നിന്ന് ഇവർക്ക് ഒരു പവൻ തൂക്കം വരുന്ന സ്വർണമാല ലഭിച്ചത്.
മാല ലഭിച്ച ഇവർ ഇത് സ്വർണമാണെന്ന് ഉറപ്പായതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ, വാർഡ് അംഗം ജിഷ ശ്യാം എന്നിവരെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.പി.തരിയനെയും വിവരം അറിയിച്ചു. മാല ഇവരുടെ കൈവശം തന്നെ സൂക്ഷിക്കാൻ ഏൽപിച്ചിരിക്കുകയാണ് പ്രസിഡന്റ്. ഇതു വരെ മാലയ്ക്ക് അവകാശവുമായി ആരും എത്തിയിട്ടില്ല. മാല നഷ്ടമായവർ തെളിവുകൾ സഹിതം പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെടണം.