മാന്നാർ: “അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട്, മനസ് പതറിപ്പോയി, ഞാൻ പോകുന്നു..” ഏക മകന്റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു. ഒരു കുറിപ്പിൽ എല്ലാം എഴുതി മകൻ ജീവനൊടുക്കിയപ്പോള്‍ മാന്നാർ പതിനൊന്നാം വാർഡിൽ കുട്ടംപേരൂർ ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ-സൂസൻ ദമ്പതികൾക്ക് വേദനയാടാക്കാൻ കഴിയുന്നില്ല. എന്തിനീ കടുംകൈ ചെയ്‌തെന്ന് അലമുറയിട്ട് കരയുന്ന അവരുടെ കണ്ണീർ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സൈമൺ-സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാർ (ജോൺ-34) സ്വന്തം മകനായ ഡൽവിൻ ജോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും.
ഇന്നലെ രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. “ചെയ്യുന്നത് തെറ്റാണെന്നറിയാം ഞാൻ പോകുന്നു.. എന്നാലും അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട്.. മനസ് പതറിപ്പോയി.. എന്നായിരുന്നു മിഥുന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങൾ. കുടുംബ പ്രശ്നങ്ങൾ നിലനിന്നുരുന്നുവെങ്കിലും ഇത്തരത്തിലൊരു ദുരന്തത്തിലേക്ക് എത്തിപ്പെടേണ്ട കാര്യങ്ങളൊന്നുമില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പത്ത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമായിരുന്നു മിഥുന്റെ വിവാഹം.
തിരുവല്ല മിഷൻ ആശുപത്രിയിൽ നേഴ്‌സായിരുന്ന റാന്നി നെല്ലിക്കമൺ തൈപ്പറമ്പിൽ ജോൺ-ലത ദമ്പതികളുടെ മകൾ സെലിൻ ആയിരുന്നു വധു. കഴിഞ്ഞ ജൂണിലായിരുന്നു മിഥുന്റെ ഭാര്യ സെലിൻ നേഴ്‌സിങ് ജോലിക്കായി സൗദിഅറേബ്യയിലേക്ക് പോകുന്നത്. തുടർന്ന് റാന്നിയിലെ ഭാര്യ വീട്ടിലായിരുന്നു മിഥുനും മകനും കഴിഞ്ഞു വന്നിരുന്നത്. തിരികെ വീട്ടിലേക്ക് വരികയാണെന്ന് പിതാവ് സൈമണെ അറിയിച്ചശേഷം മൂന്ന് മാസത്തിനുമുമ്പാണ് കുട്ടംപേരൂരിലെ വീട്ടിലേക്ക് മിഥുനും മകനും എത്തിയത്. സംഭവത്തിന് തലേദിവസമായ ശനിയാഴ്ച രാത്രിയിലും മിഥുൻ ഭാര്യയുമായി സംസാരിക്കുകയും വീഡിയോ കോളിലൂടെ മകനെ കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു.
പന്തളം ഇടപ്പോൺ ജോസ്കോ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സൈമൺ ജോലി കഴിഞ്ഞ് രാവിലെ വരുന്ന വഴി ചെന്നിത്തല പുത്തുവിളപ്പടിക്ക് സമീപമുള്ള പള്ളിയിൽ പ്രാർത്ഥനക്കു പോയ ഭാര്യ സൂസനെയും കൂട്ടി വീട്ടിലെത്തി വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മകനും കൊച്ചുമകനും മരിച്ച് കിടക്കുന്നതായി കാണുന്നത്. കിടപ്പു മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയ ഷോൾ പൊട്ടി നിലത്തുവീണ നിലയിൽ മിഥുനും മകൻ കട്ടിലിലുമായി മരിച്ച് കിടക്കുകയായിരുന്നു. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഇരുകൈകളിലേയും ഞരമ്പ് മുറിച്ച മിഥുൻ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.