ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം പോയി. 10 ലക്ഷം രൂപയ്ക്ക് ബംഗളൂരു കന്നിംഗ്ഹാം റോഡിൽ നിർമ്മിച്ച ബസ് സ്റ്റോപ്പാണ് പണിതീർത്ത് ഒരാഴ്ചയ്ക്കുള്ളിൽ മോഷണം പോയത്. ഈ മാസം ആദ്യമാണ് മോഷണം പോയത്. ബസ് സ്റ്റോപ്പിന്‍റെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ബസ് സ്റ്റോപ്പിലെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം കള്ളന്‍ പൊക്കിക്കൊണ്ട് പോയി.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ കീഴിലാണ് ബസ് ഷെൽട്ടറിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ബസ് സ്റ്റോപ്പ് മോഷണം പോയതിനു പിന്നാലെ ബസ് ഷെൽട്ടറിന്‍റെ നിർമാണച്ചുമതലയുള്ള കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ബംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുന്‍പ് മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിലെ 30 വർഷം പഴക്കമുള്ള ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു. ഒരു വാണിജ്യ സ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായി ഇത് ഒറ്റരാത്രികൊണ്ട് നീക്കം ചെയ്തതാണെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 2015ൽ ഹൊറൈസൺ സ്കൂളിന് സമീപമുള്ള ദൂപ്പനഹള്ളി ബസ് സ്റ്റോപ്പും ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു. 2014ൽ രാജരാജേശ്വരിനഗറിലെ ബിഇഎംഎൽ ലേഔട്ട് III സ്റ്റേജിൽ 20 വർഷം പഴക്കമുള്ള ഒരു ബസ് സ്റ്റോപ്പും കാണാതായിട്ടുണ്ട്.