തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധനയിൽ 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.മൊത്തം അതിദാരിദ്ര്യത്തിന്‍റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്.
പ്രധാനമായും 4 ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.
2025 നവംബർ ഒന്നിന് അതിദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം. 2023, 2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.