പാമ്പാടി: വീടിന്റെ അടുക്കളയില്‍ സാമ്പ്രാണി പുകച്ച് ചാരായം വാറ്റിയ ആളെ എക്സൈസ് പിടികൂടി. പയ്യപ്പാടി വെന്നിമല മൂലക്കുന്നേല്‍ ജോര്‍ജ് റപ്പേലിനെ(42)യാണ് കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബും സംഘവും അറസ്റ്റുചെയ്തത്.
300 ലിറ്റര്‍ കോടയും രണ്ടുലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ചാരായം വില്ക്കാന് ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.
ഓട്ടോറിക്ഷ തൊഴിലാളിയുടെ വേഷത്തിലെത്തിയ എക്സൈസ് സംഘത്തിന് ബൈക്കിലെത്തി ചാരായം കൊടുക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പത്തുലിറ്ററിന്റെ കുക്കറുകളിലാണ് ചാരായം വാറ്റിയിരുന്നത്. വാറ്റുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അയല്‍ക്കാര്‍ അറിയാതിരിക്കാനാണ് സാമ്പ്രാണികള്‍ കൂട്ടത്തോടെ പുകയ്ക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.