കാലടി: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻറ് ടെക്‌നോളജിയിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെഗാ സിപിആർ പരിശീലനം നൽകി. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കാർഡിയാക് സെൻററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആളുകൾ നിരത്തുകളിൽ കുഴഞ്ഞ് വീഴുന്നത് കൂടി വരുന്നതെന്നും, സിപിആർ പരിശീലനത്തിലൂടെ നമുക്ക് ആളുകളെ ജീവിതത്തിൽ തിരിച്ചു കൊണ്ടു വരാൻ സാധിക്കുമെന്നും മെഗാ സിപിആർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പറഞ്ഞു.
നമ്മുടെ അശ്രദ്ധകൊണ്ടോ, പരിശീലന കുറവുകൊണ്ടോ ഒരു ജീവൻ പോലും നിരത്തിൽ പൊലിയരുത് എന്ന ആശയം ഉൾക്കൊണ്ടാണ് മെഗാ സിപിആർ വിദ്യാർഥികളിൽ നിന്നും ആരംഭിച്ചതെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ജോയ് ഐനിയാടൻ പറഞ്ഞു. വ്യായാമ കുറവ്, ഭക്ഷണരീതി, ശരിയായ ആരോഗ്യ പരിചരണക്കുറവ് എന്നിവ ഹൃദയ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് ആശുപത്രി കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് പറഞ്ഞു.
കാർഡിയോ തോറാസിക് സർജൻ ഡോ. എ. കെ റഫീഖ്, ഡോ. സാജൻ നാരായണൻ, ഡോ. രാജേഷ് ജി, ഡോ. ഡെനിം, ഡോ. ഹരീഷ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: എസ്. ശ്രീപ്രിയ എന്നിവർ സംസാരിച്ചു. സ്റ്റാഫ് നേഴ്‌സുമാരായ എൽദോ വർഗീസ്, ജോസഫ് സി. പി എന്നിവർ സിപിആർ ക്ലാസുകൾ നയിച്ചു.
∙ എന്താണ് സിപിആർ?
ഹൃദയ സ്തംഭനം സംഭവിച്ച് കുഴഞ്ഞു വീഴുന്ന ആളെ ഔദ്യോഗിക ചികിത്സ ലഭിക്കുന്നതു വരെ താങ്ങി നിർത്തുകയാണ് സിപിആർ കൊണ്ട് ഉദ്ദേശിക്കുന്നത്. നെഞ്ചിൽ ശക്തമായി മിനിറ്റിൽ 100 തവണയിൽ കുറയാതെ തുടർച്ചയായി ആഴത്തിൽ അമർത്തുക വഴി താൽകാലികമായി ഹൃദയമിടിപ്പ് നിലനിർത്തുകയാണ് ഇവിടെ സാധ്യമാവുന്നത്.
∙ സിപിആർ ഇടയ്ക്ക് നിർത്തിയാൽ?
പുഴയിൽ മുങ്ങിത്താഴുന്ന ഒരാളെ യാദൃച്ഛികമായി കാണുന്ന തോണിക്കാരൻ അയാളെ പൊക്കിയെടുത്ത് തോണിയിൽ കിടത്തി അക്കരെ എത്തിക്കുന്നതു പോലെയാണ് സിപിആർനെ കാണേണ്ടത്. അക്കരെ എന്നതു കൊണ്ടുദ്ദേശിക്കുന്നത് കാഷ്വാലിറ്റി അഥവാ ഔദ്യോഗിക ചികിത്സ ലഭിക്കുന്ന സ്ഥലം എന്നാണ്. ഒരാൾ തുടങ്ങി വച്ച സിപിആർ ഒരു റിലേ പോലെ മറ്റുള്ളവർ ചെയ്യേണ്ടതാണ്, ആശുപത്രി എത്തുന്നതു വരെ, ഇടതടവില്ലാതെ. സിപിആർ ഇടയ്ക്കു വച്ചു നിർത്തിക്കളയുക എന്നത്, അക്കരെയെത്തുന്നതിനു മുൻപ് ആളെ തോണിയിൽ നിന്നു പുഴയിലേക്കു തിരികെ തള്ളി ഇടുന്നതു പോലെയാണ്. മരണം ഉറപ്പാണ്.
∙ സിപിആർ- ന്റെ പ്രയോജനമെന്ത്?
തലച്ചോറിലേക്കും മറ്റവയവങ്ങളിലേക്കും രക്തം എത്തിച്ചു കൊടുക്കാൻ സിപിആർ മൂലം സാധിക്കുന്നു. സിപിആർ ചെയ്യുന്ന അത്രയും സമയം മാത്രം രക്ത ഓട്ടം സാധ്യമാവുന്നു. ആശുപത്രിയിൽ എത്തിയ ശേഷം വിദഗ്‌ധ ചികിത്സ കൊണ്ട് ഹൃദയം വീണ്ടും സ്റ്റാർട്ടായാൽ പിന്നെ സിപിആർന്റെ ആവശ്യമില്ല.
∙ആംബുലൻസ് വന്നാൽ സിപിആർ നിർത്തിക്കൂടേ?
നമ്മുടെ നാട്ടിലെ ആംബുലൻസുകളിൽ അഡ്വാൻസ്ഡ് കാർഡിയാക് care സൗകര്യങ്ങൾ ഉണ്ടാവണമെന്നില്ല. പലതും രോഗിയെ ട്രാൻസ്‌പോർട് ചെയ്യാൻ മാത്രം സൗകര്യമുള്ളവയാണ്. അപ്രകാരം ഒരു വാഹനമാണെങ്കിൽ സിപിആർ ഒരിക്കലും നിർത്തരുത്, വണ്ടി ആശുപത്രിയിൽ എത്തുന്നതു വരെ തുടർന്നാലേ പ്രയോജനമുള്ളൂ.
∙ ആംബുലൻസ് വന്നില്ലെങ്കിൽ?
അര മണിക്കൂർ സിപിആർ ചെയ്തിട്ടും ജീവന്റെ ലക്ഷണമില്ലെങ്കിൽ നിർത്താവുന്നതാണ്.
∙ സിപിആർ ഫലവത്താണോ?
ഹൃദയാഘാതം ഉണ്ടായാൽ സിപിആർ ചെയ്തില്ലെങ്കിൽ മരണം സുനിശ്ചിതം. തക്ക സമയത്തു സിപിആർ കൃത്യമായി ചെയ്താൽ മരണസാധ്യത നൂറിൽ നിന്നും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന്, ലോകമെമ്പാടും ഇന്നു ജീവനോടെയിരിക്കുന്ന ആയിരക്കണക്കിനാളുകൾ നന്ദിപൂർവം സാക്ഷ്യപ്പെടുത്തുന്നു.