മൂന്ന് മാസം പ്രായമുള്ള വളർത്തുനായയ്ക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ പുറത്ത്. ബിയർ കുപ്പി നായ്ക്കുട്ടിയുടെ വായയിൽ വയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണിലാണ് സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ വിമർശനവും ഉയർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു റസ്റ്ററന്റിൽ ജോലിചെയ്യുന്ന 20കാരി ഡെറാഡൂണിലെ റേസ് കോഴ്സിലാണ് താമസിക്കുന്നത്. കൂടെ താമസിക്കുന്ന സുഹൃത്തിന്റെ നായ്ക്കുട്ടിയെയാണ് മറ്റ് സുഹൃത്തുകൾക്കൊപ്പം ചേർന്ന് യുവതി മദ്യം നൽകാൻ നോക്കിയത്. ഈ സമയം നായയുടെ ഉടമ അവിടെയുണ്ടായിരുന്നില്ല. ഓഗസ്റ്റ് 11ന് നടന്ന സംഭവത്തിന്റെ വിഡിയോ പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും മൃഗസംരക്ഷണ സംഘടനയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
‘ഓഗസ്റ്റ് മാസം മുതൽ ഞങ്ങൾ സ്ത്രീയെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഞങ്ങളുടെ കോളുകള്‍ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകുകയോ ചെയ്തില്ല. മാപ്പ് പറയണമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയെങ്കിലും അവൾ പ്രതികരിച്ചില്ല. തുടർന്ന് വിഡിയോ ഞങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ഡെറാഡൂൺ പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. പിന്നീട് അവളെ കണ്ടു. ശേഷം അവൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.– സംഘടനാംഗം വാൻഷ് ത്യാഗി പറഞ്ഞു.