അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 150 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ ജോൺ ജോയി (22), ശ്യാം (27) എന്നിവരാണ് പിടിയിലായത്. കാറിലാണ് എം.ഡി.എം.എ കൊണ്ടുവന്നത്. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രി 12 മണിക്കാണ് പ്രതികൾ പിടിയിലായത്.
കൊച്ചിയിലും എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയിട്ടുണ്ട്. എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മൻസിലിൽ അബ്ദുൽ സലാം (27) ആണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാറിൽ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എളമക്കര സബ് ഇൻസ്‌പെക്ടർ അയിൻ ബാബു, എഎസ്ഐ ലാലു ജോസഫ്, എസ്സിപിഒമാരായ സുധീഷ്, അനീഷ്, സിപിഒ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.