തിരുവനന്തപുരം: യൂട്യൂബർ മുകേഷ് എം നായർക്കെതിരെ രണ്ട് എക്സൈസ് കേസുകൾ കൂടി. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാർ ലൈസൻസികളെയും പ്രതി ചേർത്തു. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്പെക്ടർമാരാണ് ഇയാൾക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു.
കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് ഇന്നലെ എക്സൈസ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു.
അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായർ.