തിരുവനന്തപുരം: ഇൻസ്റ്റഗ്രാം സൗഹൃദമുണ്ടാക്കി വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്ന സംഘത്തിനെതിരെ തലസ്ഥാന പോക്‌സോ കോടതിയിൽ കുറ്റപത്രം. എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പാറശ്ശാലയിലെ പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി നക്ഷത്രഹോട്ടലിലെത്തിച്ച് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് രാത്രിയും പകലും പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ തിരുവനന്തപുരം പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. റൂറൽ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
പെൺകുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം എന്ന അജിൻ സാബു (23), ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ് ഷിബു(23), കാഞ്ഞൂർ കിഴക്കുംഭാഗം ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ ദിനേശ് (21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി സിദ്ധാർത്ഥ് (25) , കാഞ്ഞൂർ കിഴക്കുംഭാഗം കാച്ചപ്പള്ളി വീട്ടിൽ ജെറിൻ വർഗ്ഗീസ് (29) എന്നിവരാണ് കുറ്റപത്രത്തിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ.
2023 ഏപ്രിൽ 17 – 18 തീയതികളിലാണ് പീഡനം നടന്നത്. ഏപ്രിൽ 23 നാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ താമസിച്ചിരുന്ന എറണാകുളം കാലടി ഹോം സ്റ്റേയ്ക്കടുത്ത് തമ്പടിച്ചാണ് പാറശ്ശാല പൊലീസ് ഇവരെ പിടികൂടിയത്. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ കഴിച്ച് ബോധമറ്റ രീതിയിലാണ് പ്രതികൾ ഇവിടെ ഉണ്ടായിരുന്നത്. ഇവർ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സംഘം പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. വിശ്വാസം പിടിച്ച് പറ്റുന്നതിനായി സംഘത്തിൽ ചേർത്ത പൂർണിമ, ശ്രുതി എന്നീ യുവതികൾ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കും.
അജിൻ സാം ആണ് സംഘത്തിലെ പ്രധാനി. ഇയാളുമായി പ്രണയത്തിലായ കളിയിക്കാവിള സ്വദേശിനിയായ പതിനേഴുകാരിക്ക് പൂർണിമയെയും ശ്രുതിയെയും വിശ്വാസമായിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിൽ ആയിരുന്നു അജിൻ യുവതികളെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത്. വിശ്വാസം ആർജ്ജിച്ചെടുത്ത ശേഷം, രാത്രിയിൽ വീട്ടിലെത്തി ഇവർ പെൺകുട്ടിയെ കൂടിക്കൊണ്ടുപോവുകയായിരുന്നു.
ഹോട്ടൽ മുറിയിൽ സംസാരിച്ച് കൊണ്ടിരിക്കെ രാത്രിയിൽ മറ്റുള്ളവർ പുറത്തേക്ക് പോയി. ഈ സമയം മുറിയിൽ പെൺകുട്ടിയും അജിനും മാത്രമായപ്പോഴായിരുന്നു പീഡനം. ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. പിറ്റേന്ന് പകലും പീഡിപ്പിച്ച ശേഷം വൈകിട്ടോടെ പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ടു.
മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, സുഹൃത്തിന്റെ വീട്ടിൽ പോയതാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. അടുത്ത ദിവസം മുതൽ അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെ പെൺകുട്ടി പീഡനത്തിനിരയായ വിവരം വീട്ടിൽ തുറന്നു പറഞ്ഞു. പാറശ്ശാല എസ്എച്ച്.ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജി എസ്എസ്, എഎസ്‌ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്