ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. സംഭവത്തെ വർഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂട്ടിയത്. സഹാഠികളോട് ഏഴ് വയസുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.