താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. അതേ സമയം മൊഴികളിൽ കൂടുതല്‍ വ്യക്തത വരുത്തിയതിനു ശേഷമേ ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്ന് അന്വേഷണ സംഘം തീരുമാനിക്കൂ. താമിര്‍ ജിഫ്രിയുടെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്നത്.
പൊലീസിന്റെ മർദനം കാരണമായാണ് താമിർ മരിച്ചതെന്ന നിലയിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇത് പൊലീസിനെയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. തലക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളുണ്ട്. 21 മുറിവുകളിൽ 19 എണ്ണം മർദനത്തെ തുടർന്ന് ഉണ്ടായതാണ്. വടികൊണ്ടുള്ള മർദനത്തിൽ ആന്തരാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. താമിർ ജിഫ്രി മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് വീഴ്ചയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.