ഇടുക്കി: തൊടുപുഴയിൽ പതിനൊന്ന് വയസ്സുകാരിയെ വിൽപ്പനയ്ക്ക് വച്ചതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ചെന്നെത്തിയത് രണ്ടാനമ്മയിലേക്ക്. ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനയ്ക്ക് വച്ചതായാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസ് പിതാവിനെതിരെ കേസെടുത്തു. നിരവധി ക്രിമനിൽ കേസുകളിൽ പ്രതിയാണ് പിതാവ്. എന്നാൽ അധികം വൈകാതെ കേസിലെ യഥാർത്ഥ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന് ഫേസ്ബുക്ക് ഐഡിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് പൊലീസ് അന്വേഷണം രണ്ടാനമ്മയിലേക്ക് തിരിഞ്ഞത്.
രണ്ട് ദിവസം മുമ്പാണ് ഫേസ്ബുക്കിൽ പോസ്റ്റ് വന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പേരിലുള്ള ഫേസ്ബുക്ക് ഐഡിയിൽ നിന്ന് ഇവർ പോസ്റ്റിടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പോസ്റ്റിട്ടത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പോസ്റ്റിട്ടതെന്നാണ് രണ്ടാനമ്മ പൊലീസിന് മൊഴി നൽകിയത്. ഇവർക്ക് ആറ് മാസം പ്രായമായ കുട്ടിയുള്ളതിനാൽ അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫർ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ് പൊലീസ്. സംഭവത്തിൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. കുട്ടിയെ കൌൺസിലിംഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.