കാലടി: ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സർവ്വമതക്ഷേത്രത്തിന് സമീപമായി നിർമിച്ചിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കലപ്രതിമയുടെ അനാച്ഛാദനം 11 ന് നടക്കും.
നവോത്ഥാന നായകൻ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 ൽ ശിലയിട്ടതും 1938 ൽ ദിവാനായിരുന്ന സർ സി.പി രാമസ്വാമി ഉദ്ഘാടനം നിർവ്വഹിച്ചതുമായ ബ്രഹ്‌മാനന്ദോദയം വിദ്യാലയമിരുന്ന സ്ഥലത്താണ് മനോഹരമായ
പൂന്തോട്ടവും വിവേകാനന്ദ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. ഉദ്യാനത്തിന്റെ നടപ്പാതകൾ ടൈൽസ് വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൈദ്യുത ദീപാലങ്കാരവും കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്. ഇരുപതി നായിരം സ്‌ക്വയർ ഫീറ്റാണ് ഉദ്യാനം. ബ്രഹ്‌മാനന്ദോദയം വിദ്യാലയ ത്തിന്റെ ഗതകാലസ്മൃതികൾ ഉണർത്തുന്ന രണ്ട് ശിലാഫലകങ്ങൾ ഉദ്യാനക വാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
സ്വാമി വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗ ത്തിന്റെ 130 -ാം വാർഷികദിനമായ സെപ്തംമ്പർ 11ന് രാവിലെ 10.45 ന് ശ്രീരാമകൃഷ്ണമിഷൻ സീനിയർ ട്രസ്റ്റിയും ഗുരുവുമായ ശ്രീമദ് ദിവ്യാനന്ദജി മഹരാജ് വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് അദ്വൈത ആശ്രമം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ, സിനിമ പിന്നണി ഗായകൻ അനൂപ് ശങ്കർ എന്നിവർ മുഖ്യഅതിഥികളായി പങ്കെടുക്കും.
തീർത്ഥാടക പുണ്യഭൂമിയായ കാലടിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് മത സാഹോദര്യം വിളിച്ചോതുന്നതും, വിവേകാനന്ദ സന്ദേശങ്ങൾ ഊർജ്ജം പകരുന്നതുമായ ആദ്ധ്യാത്മിക സങ്കേതമായിരിക്കും ഉദ്യാനവും വിവേകാനന്ദ ശില്പവുമെന്ന് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശ്രീവിദ്യാനന്ദ പറഞ്ഞു.