അങ്കമാലി: വന്യജീവി ആക്രമണം തടയുന്നതിനായി മലയോര പഞ്ചായത്തുകളായ മലയാറ്റൂര്‍-നീലീശ്വരം, അയ്യമ്പുഴ എന്നീ പഞ്ചായത്തുകളില്‍ സോളാര്‍ ഫെന്‍സിംങ് സ്ഥാപിക്കുന്നതിന് 39.80 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നിരവധി നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള മ്യഗങ്ങള്‍ ഇറങ്ങുകയും, കാട്ടുപോത്തുകള്‍ വനത്തില്‍ നിന്നും ഇറങ്ങി ഗ്രാമപ്രദേശങ്ങളില്‍ പലപ്പോഴും വിഹാരം നടത്തുകയും ചെയ്യുന്നതിനാല്‍ ആളുകള്‍ വളരെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ഈ പ്രശ്നങ്ങള്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിക്കുകയും തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും വന്യജീവി ആക്രമണം തടയാന്‍ ട്രഞ്ചും ഫെന്‍സിംങും സ്ഥാപിക്കുന്നതിന് തുക അനുവദിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കണ്ണിമംഗലം, കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന കണ്ണിമംഗലം-പോട്ട വരെ 2.5 കിലോമീറ്ററും പോട്ട-ഇല്ലിത്തോട് വരെ 5 കിലോമീറ്ററിലും സോളാര്‍ ഫെന്‍സിംങ്ങുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി എം.എല്‍.എപറഞ്ഞു. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ എവര്‍ഗ്രീന്‍ ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ മഹാഗണിത്തോട്ടം മുതല്‍ ഇടമലയാര്‍ കനാല്‍ വരെ 2.15 കിലോമീറ്ററും, മുളംങ്കുഴിയില്‍ നിന്നും എവര്‍ഗ്രീന്‍ ക്യാമ്പ് ഷെഡ് ക്രോസ്സ് ബാര്‍ വരെ 2.9 കിലോമീറ്ററും, വിജയ ക്വാറിയില്‍ നിന്നും വിജയ ക്രഷര്‍, ചേലച്ചുവട് വരെ 1.7 കിലോമീറ്റും അയ്യമ്പുഴ പഞ്ചായത്തില്‍ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ പോട്ട മുതല്‍ അയ്യമ്പുഴ പാലം വരെ 3.5 കിലോമീറ്റര്‍ നീളത്തിലും സോളാര്‍ ഫെന്‍സിംങ് സ്ഥാപിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതാണ്.
ഇതോടൊപ്പം പ്ലാന്‍റേഷന്‍ മേഖലയില്‍ പൂര്‍ണ്ണമായും ഫെന്‍സിംങ്ങും ഡ്രെഞ്ചും നിര്‍മ്മിക്കുന്നതിന് വിപുലമായ സമഗ്ര പദ്ധതി നബാര്‍ഡ് വഴി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും റോജി പറഞ്ഞു.