മലയാറ്റൂർ കുരിശുമുടി അടിവാരത്ത് വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ. വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കും ശുചിമുറികൾ ഉപകാരപ്രദമാകുന്നില്ല. മാത്രമല്ല സാമൂഹിക വിരുദ്ധർ ഇവിടെ താവളമാക്കുകയും ചെയ്തിരിക്കുന്നു. ശുചിമുറി സമുച്ചയത്തിലെ സ്റ്റീൽ ടാപ്പുകൾ മോഷണം പോയിട്ടുണ്ട്.
പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറി കെട്ടിടങ്ങളുടെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ടാപ്പുകൾ ഇല്ലാത്തതിനാൽ ശുചിമുറികളിലേക്കുള്ള പൈപ്പുകൾ അടച്ചു. ടാപ്പുകൾ പുനഃസ്ഥാപിച്ചാലേ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയൂ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി കെട്ടിടവും കുറച്ചു മാറി പാർക്കിങ് ഗ്രൗണ്ടിനോടു ചേർന്നു തീർഥാടകർക്കു വിശ്രമിക്കാനുള്ള കെട്ടിടവും ഉൾപ്പെടെ 2.30 കോടി രൂപ വിനിയോഗിച്ചാണ് വിനോദ സഞ്ചാര വകുപ്പ് നിർമാണം നടത്തിയത്.
ശുചിമുറി സമുച്ചയം മലയാറ്റൂർ തിരുനാൾ തീർഥാടന കാലത്ത് മാത്രം തുറന്നു കൊടുക്കുമായിരുന്നു. എങ്കിലും വളരെ കുറച്ചു ആളുകൾ മാത്രമേ ഇത് ഉപയോഗിക്കാറുള്ളൂ. റോഡിൽ നിന്നും പാർക്കിങ് ഗ്രൗണ്ടിൽ നിന്നും ഏറെ ദൂരെ മാറിയാണ് ശുചിമുറി സമുച്ചയം എന്നതാണ് പ്രധാന കാരണം. സമൂഹ്യ വിരുദ്ധരുടെ താവളം കൂടിയായിരിക്കുകയാണ് ഇവിടം കെട്ടിടങ്ങൾക്കു ചുറ്റും ഒഴിഞ്ഞ മദ്യ കുപ്പികളും ശീതള പാനീയ കുപ്പികളും ലഹരി മരുന്ന് പാക്കറ്റുകളും സിഗരറ്റ് പാക്കറ്റുകളും ചിതറി കിടക്കുന്നതു കാണാം.കെട്ടിടങ്ങൾ പൂർണമായും ടൈൽ വിരിച്ചതാണ്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഈ കെട്ടിടങ്ങൾ കാഴ്ച വസ്തുവായി മാറിയിരിക്കുന്നു.