
കാലടി: പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച വല്ലംകടവ്-പാറപ്പുറം പാലം യാഥാർഥ്യമാവുന്നു. 23 കോടി ചെലവിട്ടാണ് പെരിയാറിന് കുറുകെ പാലം നിർമിച്ചത്. 24-ന് 10-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണം 2016-ൽ തുടങ്ങിയെങ്കിലും 2018-ലെ വെള്ളപ്പൊക്കത്തിൽ പണികൾ മുടങ്ങി. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെൻഡർ ചെയ്തു. ടെൻഡർ തുകയെക്കാൾ കൂടുതൽ തുക ക്വാട്ട് ചെയ്തതിനെ തുടർന്ന് പദ്ധതി വീണ്ടും പ്രതിസന്ധിയിലായി. എം.എൽ.എ.മാരായ എൽദോസ് കുന്നപ്പിള്ളിയും അൻവർ സാദത്തും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ക്വാട്ട് ചെയ്ത തുകയ്ക്ക് ടെൻഡർ അംഗീകരിച്ച് 2020-ൽ നിർമാണം പുനരാരംഭിച്ചു.
പാലത്തിന് 289.45 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയുമുണ്ട്. കാലടി ശ്രീശങ്കര പാലത്തിനും എം.സി. റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപ്പാസായി പാലം മാറും. എം.സി. റോഡ് വഴി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്നവർക്ക് കാലടി ടൗൺ ഒഴിവാക്കി പുതിയ പാലത്തിലൂടെ കാഞ്ഞൂർ വഴി പോകാം. ആറ് കിലോമീറ്ററോളം ദൂരം ലാഭിക്കാം.
പെരിയാറിന്റെ ഇരുകരകളിലുമുള്ള കാഞ്ഞൂർ സെയ്ന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും