ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് വഴിയേ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഘം പിടിയില്‍. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ മൂന്ന് പ്രതികളെയാണ് പിടികൂടിയത്. ഓഗസ്റ്റ് 14-ാം തീയ്യതി ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി ഓവർ ബ്രിഡ്ജിനു സമീപത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയിരുന്നത്.
ബൈക്ക് മോഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇടനാട് ഭാഗത്ത് വഴിയെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാലയും പ്രതികൾ പൊട്ടിച്ചെടുത്ത് വിൽപന നടത്തിയിരുന്നു. പത്തനംതിട്ട റാന്നി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ് (32), ചെങ്ങന്നൂർ പാണ്ടനാട് അനുഭവനത്തിൽ അനു (40), ഇയാളുടെ ഭാര്യ വിജിത വിജയൻ (25) എന്നിവരെയാണ് പിടികൂടിയത്. ബിനു തോമസ്, അനു എന്നീ പ്രതികൾ മോഷ്ടിച്ചെടുക്കുന്ന സ്വർണ്ണം വിജിത വിജയനാണ് വിൽപന നടത്തിയിരുന്നത്.
ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‍പെക്ടർ വിപിൻ എ.സി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ശ്രീകുമാർ, അനിലാകുമാരി, സീനിയർ സിപിഒ മാരായ അനിൽ കുമാർ, സിജു, സിപിഒ മാരായ സ്വരാജ്, ജിജോ സാം, വിഷു, പ്രവീൺ, ജുബിൻ എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇനിയും പ്രതികൾ മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ചെങ്ങന്നൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.