ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി നടത്തിയ മറുപടി പ്രസംഗത്തിൽ രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത്. മണിപ്പൂർ നിന്നു കത്തുമ്പോൾ പാർലമെന്‍റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേരുന്നതല്ലെന്ന് അദ്ദേഹം വിമർശിച്ചു. എഐസി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്നലെ പ്രധാനമന്ത്രി തമാശ പറഞ്ഞും ചിരിച്ചും മുദ്രവാക്യവുമയർത്തി രണ്ടര മണിക്കൂർ സംസാരിക്കുന്നത് ഞാൻ കണ്ടു. മണിപ്പൂർ സംസ്ഥാനം നിന്നു കത്തിക്കൊണ്ടിരിക്കുകയാണ്. അവിടെ ആളുകൾ മരിച്ചുവീഴുന്നത് പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാർലമെന്‍റിന്‍റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുന്നുണ്ടായിരുന്നു. ഇന്നലത്തെ വിഷയം ഞാനോ കോൺഗ്രസോ ഒന്നുമല്ല. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതിന് തടയിടുന്നില്ല എന്നതായിരുന്നു. പത്തൊൻപത് വർഷയമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. പക്ഷെ മണിപ്പൂരിലെ വിഷയം അങ്ങനെയല്ല. ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. ഇന്നലെ പാർലമെന്‍റിൽ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുന്നുവെന്നു രാഹുൽ ഗന്ധി ചോദിച്ചു.
അക്രമം തടയാൻ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷെ അതിന് അദ്ദേഹം തയാറാവുന്നില്ല. അദ്ദഹം അവിടെ പോവുകയെങ്കിലും ചെയ്യണം. സൈന്യത്തിന് രണ്ട്-മൂന്നു ദിവസത്തിനുള്ളിൽ അവിടെ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. പക്ഷെ സർക്കാർ അത് ചെയ്യുന്നില്ല. മോദിയും അമിത് ഷായും മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്‍റെ പരാമർശം പൊള്ളയായ വാക്കുകളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.