ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനെ അസഭ്യം പറഞ്ഞത്. ദാസിന്റെ ബന്ധുവിന്റെ മകനും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് കണ്ടെത്തിയ സംഭവമാണ് കാരണം. ഇവിടെ വച്ച് ബന്ധുവായ ആൺകുട്ടിയുടെ ഫോൺ പൊലീസുകാരൻ പിടിച്ചെടുത്തതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്. ആവശ്യമില്ലാത്ത പരിപാടിക്ക് നിന്നാൽ വിവരമറിയുമെന്ന് നേതാവ് പൊലീസുകാരനോട് പറഞ്ഞു. സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് സിപിഎം നേതാവിനെതിരെ പൊലീസുകാരൻ പരാതി നൽകി.
‘ഞാനങ്ങോട്ട് വരുന്നുണ്ട്. സാറേ എസ്ഐ ആണെങ്കിലും ആരാണെങ്കിലും ശരി, ആവശ്യമില്ലാത്ത പരിപാടി എടുക്കണ്ട കേട്ടോ. നമ്മുടെ അടുത്ത് ആ പണി എടുക്കേണ്ട. സാറിന് നമ്മളെ വിളിച്ച് പറയാമായിരുന്നല്ലോ. സാറിന് ആവശ്യമുള്ള എല്ലാ കേസും നമ്മളെ വിളിച്ച് നമ്മളല്ലേ കൈകാര്യം ചെയ്യുന്നത്. രാകേഷിന് എന്നെ വിളിച്ചപ്പോ കിട്ടിയല്ലോ’ എന്നെല്ലാമാണ് ഹെബിൻ ദാസ് പറയുന്നത്. അസഭ്യവാക്കുകളും ഇതിനിടയിൽ ഉപയോഗിച്ചിരുന്നു.
ഫോൺ പിടിച്ച് വച്ചത് താനല്ലെന്നും എസ്ഐ ആണെന്നുമാണ് ഷൈൻ മറുപടി പറയുന്നത്. കുട്ടികളെ പിടിച്ച ഉടൻ ഹെബിൻ ദാസിനെ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോണിൽ കിട്ടിയില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ ഇതിന് ചെവികൊടുക്കാതെയാണ് ഹെബിൻ ദാസ് പൊലീസുകാരനെ അസഭ്യം പറഞ്ഞത്.