ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തളളണമെന്ന് കേരളം. 2014-ലെ ജയിൽ ചട്ട പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂല് ഫയൽ ചെയ്തു.
ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ല. ഹൈക്കോടതിയോ, സെഷൻസ് കോടതിയോ നിർദേശിച്ചാൽ മാത്രമാണ് ഇവരെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ പോലും കഴിയുകയുള്ളൂ എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽ മാറ്റം സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെടാൻ നിലവിലെ നിയമപ്രകാരം കഴിയില്ല. ഈ ചട്ടം ഭരണഘടന വിരുദ്ധമോ, മനുഷ്യാവകാശ വിരുദ്ധമോ അല്ല. ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ ജയിൽ ചട്ടങ്ങൾ ഉണ്ട്. അമീറുള്‍ ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം കേരളത്തിലെ ജയിൽ ചട്ടങ്ങളാണ് ബാധകം, സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് ആണ് കേരളത്തിന്റെ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്‌ലാം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീം കോടതി കേരളത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.