ചെന്നൈ: തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിലെ കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തെ തുടർന്ന് ഇന്ന് രാവിലെ ഒരു പുലി കെണിയിലായി. അതിന്റെ ആശ്വാസത്തിലായിരുന്നു തീർത്ഥാടകർ.