ബെംഗളൂരു ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, നാലു മീറ്റർ വ്യാസമുള്ള വലിയ കുഴിക്കു മുന്നിൽപ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആർഒ അറിയിച്ചു. മൂന്നുമീറ്റർ ദൂരത്തായി ഗർത്തം കണ്ടതിനെ തുടർന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവർ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
‘‘2023 ഓഗസ്റ്റ് 27ന്, റോവറിന്റെ സഞ്ചാരപാതയിൽ മൂന്നു മീറ്റർ മുന്നിലായി 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം കണ്ടു. ഇതേത്തുടർന്ന് വന്ന വഴിക്കു തിരിച്ചുപോകാൻ റോവറിന് നിർദ്ദേശം നൽകി. റോവർ ഇപ്പോൾ സുരക്ഷിതമായി പുതിയൊരു പാതയിലൂടെ നീങ്ങുകയാണ്.’ – ഐഎസ്ആർഒ കുറിച്ചു.
കഴിഞ്ഞ ദിവസം വിക്രം ലാൻഡറിൽനിന്നു ചന്ദ്രന്റെ മണ്ണിലേക്കിറങ്ങിയ പ്രഗ്യാൻ റോവർ 8 മീറ്റർ സഞ്ചരിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തിൽ വളരെ കുറഞ്ഞ വേഗത്തിലാണ് റോവർ സഞ്ചരിക്കുന്നത്. പ്രഗ്യാൻലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക.
ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ഈ ഉപകരണങ്ങൾ (പേലോഡ്) കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം തുടങ്ങി.
ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും.
സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.
റോവറും ലാൻഡറും 2 ആഴ്ച ചന്ദ്രനിൽ പ്രവർത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകൽ. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോൾ സൗരോർജം ലഭിക്കാതാകുന്നതോടെ ലാൻഡറും റോവറും പ്രവർത്തനരഹിതമാകും. എന്നാൽ, വീണ്ടും പകൽ തുടങ്ങുമ്പോൾ ഇവ ഒരിക്കൽകൂടി പ്രവർത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.