തിരുവല്ല: വളഞ്ഞവട്ടം ജംക്‌ഷനു സമീപത്തെ ചതുപ്പിൽനിന്നു ശനിയാഴ്ച വൈകിട്ട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹം എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. മരിച്ചശേഷം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. മൃതദേഹത്തിന് ഏകദേശം 5 ദിവസം പഴക്കം വരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്തു. മൃതദേഹത്തിന്റെ അരയിൽ കറുത്ത ചരട് ഉണ്ട്.
കമിഴ്ന്നു കിടന്ന മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി എസ്.ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് വീണ്ടുമെത്തി വിശദ പരിശോധന നടത്തി. ഫൊറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു.
സമീപം നദിയായതിനാൽ കുട്ടിയുടെ മരണശേഷം ജലമാർഗം മൃതദേഹം ഇവിടെ എത്തിച്ചതാണോ എന്നും അന്വേഷിച്ചുവരികയാണ്. പൊലീസുമായി ബന്ധപ്പെടാം– 9497980240.