
തൃശൂര്‍ ചിറക്കേക്കോട് ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, മകന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദമ്പതികളുടെ നില ഗുരുതരമാണ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോജിയുടെ പിതാവ് ജോണ്‍സണും ആശുപത്രിയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. അര്‍ധരാത്രിയോടെ ജോജിയും ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടന്ന മുറിയിലേക്ക് കയറിയ ജോണ്‍സന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമമെന്നും പൊലീസ് വ്യക്തമാക്കി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയും ഭാര്യയും കുഞ്ഞും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.