പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്ര മുറ്റത്ത് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത് ഭക്തജനങ്ങൾക്ക് കൗതുകം ആകുന്നു. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പാടശേഖരത്തിൽ ആണ് ചെണ്ടുമല്ലി പൂക്കളുടെ ഈ കാഴ്ച വസന്തം. ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തെ പിൻപറ്റിയാണ് ക്ഷേത്ര ഭരണസമിതി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. മഞ്ഞ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലുള്ള പൂക്കൾ ഇവിടെയുണ്ട്.
രായമംഗലം കൃഷിഭവൻ, ഇരിങ്ങാലക്കുട സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകൾ ആണ് നട്ട് പരിപാലിച്ചത്. ഈ ചണ്ട്മല്ലി പൂക്കളുടെ വിളവെടുപ്പും ആരംഭിച്ചു. ഓണ നാളുകളിൽ പൂക്കൾക്ക് വലിയ വില കയറ്റം ഉണ്ടാകുമ്പോൾ, നാട്ടുകാർക്ക് കുറഞ്ഞ വിലയിൽ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.
മുൻവർഷങ്ങളിൽ കപ്പയാണ് ഇവിടെ കൃഷി ചെയ്തുവന്നത്. കപ്പ പറിക്കുവാനുള്ള കാലതാമസവും, ലാഭം ഇല്ലായ്മയും ആണ് ഭരണസമിതിയിയെ പൂ കൃഷിയിലേക്ക് മാറ്റി ചിന്തിപ്പിച്ചത്. വരും നാളുകളിലും വ്യവസായിക അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലത്ത് പൂ കൃഷി നടത്തുവാനുള്ള ഒരുക്കത്തിലാണ് കൂട്ടുമഠം ക്ഷേത്ര ഭരണസമിതി.