
കാലടി: പഠനത്തിനും, ഉപജീവന മാർഗത്തിനും പണം കണ്ടെത്തുന്നിന് സ്വന്തം കാമ്പസിലെ ക്യാന്റീനിൽ പൊറോട്ട അടിക്കുകയാണ് കൊല്ലം ശൂരനാട് സ്വദേശി കെ. അഖിൽ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശലയിലെ ഗവേഷക വിദ്യാർത്ഥിയാണ് അഖിൽ. സംസ്‌കൃത സർവകലാശായിലെ കാലടി കാമ്പസിലെ ക്യാന്റീനിലാണ് അഖിൽ പെറോട്ട അടിക്കുന്നത്.
ദിവസവും രാവിലെ 5 മുതൽ 9 വരെ ക്യാന്റീനിൽ പൊറോട്ട അടിക്കും. അതുകഴിഞ്ഞ് ക്ലാസിലേക്കു പോകും. ദിവസവും 12 കിലോഗ്രാം പൊറോട്ട അടിക്കും. ഒരു മാസമായി ഈ പണി ചെയ്യുന്നു. ക്യാന്റീൻ ഭക്ഷണത്തിൽ ദിവസവുമുള്ള പൊറോട്ട 2 ദിവസമായി കാണാത്തതിനെ തുടർന്ന് അവിടത്തെ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് പൊറോട്ട അടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഇപ്പോൾ പണിക്കു വരുന്നില്ലെന്ന് അറിഞ്ഞത്. എന്നാൽ താൻ പൊറോട്ട അടിക്കാമെന്നു പറഞ്ഞപ്പോൾ സർവകലാശാലയിലെ പൂർവ വിദ്യാർഥി കൂടിയായ ക്യാന്റീൻ നടത്തിപ്പുകാരൻ കെ.പി.ബൈജു സമ്മതം മൂളി. ആദ്യ ദിവസത്തെ പണിയോടെ തന്നെ അഖിൽ ബൈജുവിന്റെ സ്ഥിരം പണിക്കാരനായി. ഏഴാം ക്ലാസ് മുതൽ പൊറോട്ട അടിച്ച് പരിചയമുണ്ട് അഖിലിന്.
കൊല്ലം ശൂരനാട്ടെ വീടിനോടു ചേർന്നു പിതാവ് കാർത്തികേയനും മാതാവ് ലീലയും ചെറിയ ഹോട്ടൽ നടത്തിയിരുന്നു. അവരെ സഹായിക്കാൻ അഖിലും കൂടൂമായിരുന്നു. പൊറോട്ടയ്ക്കു പുറമേ വെട്ട് കേക്ക് ഉണ്ടാക്കാനും അഖിലിന് അറിയാം. ഗായകനും ചിത്രകാരനും കൂടിയാണ്. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നാണ് മലയാള സാഹിത്യത്തിൽ ബിരുദം നേടിയത്. അവിടെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. സംസ്‌കൃത സർവകലാശാലയുടെ പന്മന സെന്ററിൽ ആയിരുന്നു പിജി പഠനം.
സംസ്‌കൃത സർവകലാശാലയിൽ തന്നെ മലയാളം വിഭാഗത്തിൽ നാലാം വർഷ ഗവേഷക വിദ്യാർഥി അനുശ്രീയെ അഖിൽ 4 മാസം മുൻപ് വിവാഹം കഴിച്ചു. എഴുത്തുകാരിയാണ് അനുശ്രീ. 2 പേരും സംസ്‌കൃത സർവകലാശാലയിലെ 2 ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠനം. ഓൾ ഇന്ത്യ റിസർച് സ്‌കോളേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖിൽ. 2015 മുതൽ 2020 വരെ സിപിഎം പ്രതിനിധിയായി ശൂരനാട് പഞ്ചായത്ത് അംഗമായിരുന്നു. ക്യാംപസ് ജീവിതത്തോടൊപ്പം പൊറോട്ട അടിക്കലും ആസ്വദിക്കുന്നുവെന്നും അത്യാവശ്യം ജീവിത ചെലവുകൾ ഇതുവഴി നടന്നു പോകുന്നുവെന്നും അഖിൽ പറഞ്ഞു.
ഡോ.വത്സലൻ വാതുശേരിയുടെ കീഴിൽ ‘മലയാള സിനിമയുടെ ഭാവുകത്വ പരിണാമവും വിപണി രാഷ്ട്രീയവും’ എന്ന വിഷയത്തിലാണ് അഖിൽ ഗവേഷണം നടത്തുന്നത്.