ആലുവ: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ അഞ്ചംഗം സംഘം അറസ്റ്റിൽ . തോട്ടക്കാട്ടുകര കൊല്ലങ്ങാടൻ എഡ്വിൻ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുൾ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31) ബൈപ്പാസ് പുതുമനയിൽ കമാൽ (26), ദേശം പുഷ്പകത്തുകുടി കിരൺ (32) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്റെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും വാങ്ങി കാറിൽ കയറ്റി യു.സി. കോളേജിന്റെ പരിസരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിലാൽ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. പിന്നീട് മർദ്ദിക്കുകയും പലസ്ഥലങ്ങിലും കൊണ്ടുപോയ ശേഷം ആലപ്പുഴയിൽ ഉപേക്ഷിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇൻസ്പെക്ടർ എം.എം മഞ്ജു ദാസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ആലുവയിൽ നിന്നും, ആലപ്പുഴയിൽ നിന്നുമായി പ്രതികളെ പിടികൂടി. ബിലാലിന്റെ പിതാവും പ്രതികളിലെരാളായ എഡ്വിനും തമ്മിൽ ടാൻസാനിയായിൽ മൈനിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പാർട്ട്ണർഷിപ്പുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമായതെന്ന് കരുതുന്നു.