ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയില്‍ നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തത്. ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്ത് വിദ്യാര്‍ഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെയാണ് പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു.
പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നും ഫോണില്‍ വിളിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടി. പൂജയ്ക്കായി പണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി പണം അടച്ചതോടെ പരാതിക്കാരിയുടെയും സുഹൃത്തിന്റെയും ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി. ആണ്‍സുഹൃത്തിന്റെ ഫോണില്‍നിന്ന് കോള്‍ വരുമെന്നും പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പിന്നാലെ അതേദിവസം തന്നെ ആണ്‍സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോണ്‍കോള്‍ എത്തി. മന്ത്രവാദിയുടെ നിര്‍ദേശമുള്ളതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. ലക്ഷങ്ങള്‍ കൈമാറിയിട്ടും സുഹൃത്തില്‍നിന്ന് മറ്റുഫോണ്‍കോളോ പ്രതികരണോ ഇല്ലാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.