പെരുമ്പാവൂർ: പ്രണയം നിരസിച്ചതിന്‍റെ വിരോധത്തിൽ യുവാവിന്‍റെ വേട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പാവൂർ രായമംഗലം സ്വദേശി അൽക്ക അന്ന ബിനുവാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. പെൺകുട്ടിയ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി ബേസിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.
കഴിഞ്ഞ എട്ട് ദിവസമായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽക്ക ബിനു ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴുത്തിന് പുറകിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയക്ക് മൂന്ന് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിരുന്നു ഇടക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇന്ന് രാവിലെയോടെ മോശമാവുകയായിരുന്നു .സെപ്റ്റംബർ അഞ്ചിനാണ് ഇരിങ്ങോൽ സ്വദേശിയായ ബേസിൽ അൽക്കയെ വീട്ടിൽ കയറി വെട്ടുകയത്.
സൗഹൃദം അവസാനിപ്പിച്ചതായിരുന്നു പ്രകോപനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചു. ഓട്ടോതൊഴിലാളിയായ അച്ഛനും തയ്യൽ തൊഴിലാളിയായ അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. അൽകയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ 11 മണിയോടെ വീട്ടിലേക്ക് എത്തിക്കും. തുടർന്നായിരിക്കും സംസ്കാരം.
വീടിന് മുന്‍ശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാന്‍ പോലും പെണ്‍കുട്ടിക്ക് സാധിച്ചില്ല. ബേസിലിന്‍റെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിന്‍റെ വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്.
തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുതുകത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് വച്ച് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. തലേന്ന് രാത്രി തന്നെ വീടിന് മുന്നില്‍ ബേസില്‍ എത്തിയിരുന്നതായും മുത്തച്ഛൻ സംശയമുന്നയിച്ചിരുന്നു. ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലിലാണ് കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ചികിത്സയിൽ തുടർന്നതിന് ശേഷമാണ് ഇന്ന് പെൺകുട്ടി മരിച്ചത്.