മംഗലംഡാം : ഓടംതോട് പട്ടങ്ങിട്ടത്തോടിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ ഇടതുപിൻകാൽ അറ്റ നിലയിൽ പുലിയുടെ ജഡം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ, പുലിയെ കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
പുലി ചത്ത ശേഷമാണ് പുലിയുടെ കാലറ്റതെന്നും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മറ്റേതെങ്കിലും മൃഗം കടിച്ചതുമൂലമല്ല കാലറ്റതെന്നും തെളിഞ്ഞതോടെ മുറിച്ചുമാറ്റിയതാകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ചുങ്കപ്പുര സജിയുടെ റബ്ബർത്തോട്ടത്തിലാണ് രണ്ട് വയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്.
ടാപ്പിങ് തൊഴിലാളിയായ രാധാകൃഷ്ണനാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലിയുടെ അടിവയറിന്റെ ഭാഗത്ത് തൊലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതും മൃഗം കടിച്ചുവലിച്ചതല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് തൊലിയുരിഞ്ഞെടുക്കാൻ ശ്രമിച്ചതായും വനപാലകർ സംശയിക്കുന്നുണ്ട്. തുടരന്വേഷണത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂവെന്ന് നെന്മാറ ഡി.എഫ്.ഒ. കെ. മനോജ് പറഞ്ഞു. മുറിഞ്ഞ കാലിന്റെ മുകൾഭാഗത്ത് ദശയും തോലും ഉണ്ടായിരുന്നില്ല. മുറിഞ്ഞുപോയ കാലിന്റെ ഭാഗം സമീപത്തുനിന്നു കണ്ടെത്തി. ജഡം കണ്ടെത്തുമ്പോൾ, പുലി ചത്തത് 48 മണിക്കൂറിനുള്ളിലാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.